എന്‍റെ ബ്ലോഗ്‌ വായിക്കാത്തോരെ പട്ടിക്കുട്ടി കടിക്കും . കളരി പറമ്പിലെ അമ്മച്ചിയാണേ സത്യം ...

എന്‍റെ ബ്ലോഗ്‌ വായിക്കാത്തോരെ പട്ടിക്കുട്ടി കടിക്കും . കളരി പറമ്പിലെ അമ്മച്ചിയാണേ സത്യം ...

Thursday, August 26, 2010

സുശീലേടത്തി ഏലിയാസ്‌ ഭദ്രകാളി ..

സുശീല എന്ന് തനിക്ക് പേരിട്ട സ്വന്തം അച്ഛനോടുള്ള എന്തെങ്കിലും വൈരാഗ്യം കാരണമാണോ എന്നറിയില്ല, ആ പേരിനോട് യാതൊരു തരത്തിലുള്ള നീതിയും കാണിക്കാത്ത വിധത്തിലായിരുന്നു സുശീലേടത്തിയുടെ ചില സമയത്തുള്ള പെരുമാറ്റം. ദേഷ്യം വന്ന് കഴിഞ്ഞാല്‍ സുശീലേടത്തി ദുശ്ശീലേടത്തിയാവും, പിന്നെ പിടിച്ചാല്‍ കിട്ടൂല്ല, തെറിക്കുത്തരം മുറിപ്പത്തലല്ല, മറിച്ച് പച്ചത്തെറിയാണെന്നാണ് സുശീലേടത്തിയുടെ നയം. ദേഷ്യം മൂക്കിന്‍റെ എഡ്ജില്‍ തന്നെയുള്ളതിനാല്‍ ചെറിയ കാര്യത്തിന് പോലും സുശീലേടത്തിയിലെ 'മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസ്ഓര്‍ഡര്‍' പ്രകടമാവും.

 

വളരെ വലിയൊരു തെറി ശേഖരം തന്നെ സുശീലേടത്തിക്കുണ്ട്, ഒരു തെറി-ഡിക്ഷണറി ഉണ്ടാക്കാന്‍ പറ്റുന്നത്ര, 'ഭദ്രകാളി' എന്ന തന്‍റെ ഇരട്ടപ്പേര് ആരെങ്കിലും വിളിച്ചാല്‍ പിന്നെ വിളിച്ചവന്‍റെ നാലഞ്ച് തലമുറക്കു മുമ്പുള്ള കാര്‍ന്നോന്മാര്‍ വരെ കുഴീന്ന് എഴുന്നേറ്റു വന്ന് കാലു പിടിക്കും, അത്രക്കും നല്ല തെറികള്‍ മാത്രമേ സുശീലേടത്തി സ്പോണ്‍സര്‍ ചെയ്യൂ. ആ ഹൈ വോള്‍ട്ടേജ് തെറികള്‍ കേള്‍ക്കേണ്ടി വരുന്നവന്‍റെ ചെവി പിന്നെ സള്‍ഫ്യൂരിക് ആസിഡ് ഒഴിച്ച് കഴുകിയാലും ഒരു കാര്യോമില്ല.

ഒരേയൊരു പുത്രനായ രമേശന്‍ കെട്ടിക്കൊണ്ട് വന്ന പെണ്ണ് അമ്മായിയമ്മയുടെ സ്നേഹപ്രകടനങ്ങളും തേന്മൊഴികളും കേട്ട് ദിനവും കോരിത്തരിച്ചു കോരിത്തരിച്ചു മടുത്തു, ഇനി കോരാനും വയ്യ തരിക്കാനും വയ്യ എന്ന അവസ്ഥയില്‍ എത്തിയ കാരണം " നിങ്ങള്‍ക്ക്‌ അമ്മ വേണോ അതോ ഞാന്‍ വേണോ ??" എന്ന് ചോദിച്ചു നാവെടുക്കുന്നതിനു മുന്നേ "എനിക്ക് നീ മതി" എന്ന് പ്രഖ്യാപിച്ചു കൊണ്ട് രമേശന്‍ അമ്മയെ ഡൈവോഴ്സ്‌ ചെയ്തു . പുതിയ വീട്ടിലേക്കു മാറുന്നതിന് പണം ആവശ്യമായി വന്നപ്പോഴാണ് രമേശന്‍ പിന്നെ സുശീലേടത്തിയുടെ മുന്‍പില്‍ ചെന്നത്. കാശ് ചോദിച്ചത് മാത്രമേ രമേശന് ഓര്‍മയുണ്ടാവാന്‍ സാധ്യതയുള്ളൂ , 'ഭ.. പുല്ലേ' എന്ന് സുരേഷ് ഗോപി മോഡലില്‍ വിളിച്ചു തുടങ്ങിയ തെറി രമേശന്‍റെ തന്തക്കു വിളിയിലേക്ക്, അതായത് സുശീലേടത്തിയുടെ ഭര്‍ത്താവായ ഗുണശേഖരന്‍ ചേട്ടനെ പുകഴ്ത്തി കൊണ്ടുള്ള വിളിയിലേക്ക് കടന്ന അതേ വേളയിലായിരുന്നു 'ടിയാന്‍റെ' എന്‍ട്രി,.അമ്മയുടെയും മകന്‍റെയും വഴക്ക് കണ്ടു മനം നൊന്തിട്ടാണോ അതോ സുശീലേടത്തിയുടെ തെറിവിളിയുടെ പവര്‍ കൊണ്ടാണോ എന്നറിയില്ല, 'എന്‍ട്രി' ആയ ഉടന്‍ തന്നെ ഗുണശേഖരന്‍ ചേട്ടന്‍ അറ്റാക്ക്‌ വന്നു 'എക്സിറ്റ്‌' ആയി (തട്ടിപ്പോയി) !!

അന്ന് മുതല്‍ സുശീലേടത്തിക്ക് കൂട്ട് എന്ന് പറയാന്‍ ഒരു വളര്‍ത്തു നായ മാത്രമേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ ആ നായയേയും സുശീലേടത്തി വെറുതേ വിട്ടില്ല. ഒരു ദിവസം ആരെയെങ്കിലും തെറി വിളിക്കാന്‍ പറ്റിയില്ലെങ്കില്‍ അന്ന് ആ നായയുടെ കഷ്ടകാലമാണ്. പക്ഷേ സുശീലേടത്തിയുടെ നിരന്തരമായ തെറി വിളി കേട്ട് മടുത്ത കാരണം 'നായകള്‍ക്കും വികാരംണ്ട്രീ നായീന്‍റെ മോളേ' എന്ന് പ്രസ്താവിക്കുന്ന രീതിയില്‍ ആ നായയും അവിടുന്ന് മൈഗ്രേറ്റ് ചെയ്തു, അങ്ങനെ കയ്യിലിരിപ്പ് കാരണം സുശീലേടത്തി തികച്ചും ഒറ്റക്കായി. എന്നിട്ടും മൂപ്പത്തിയാര് തളര്‍ന്നില്ല, മീന്‍ വിറ്റും മറ്റു അല്ലറ ചില്ലറ കച്ചവടങ്ങള്‍ ചെയ്തും അന്നന്നത്തേക്കുള്ളതും പിറ്റേന്നത്തേക്കുള്ളതും ആയ ചെലവ് കാശ് സുശീലേടത്തി സമ്പാദിച്ചിരുന്നു.

രാവിലെ സൂര്യന്‍ വെള്ള കീറിക്കഴിഞ്ഞാല്‍ സുശീലേടത്തി വിറകു കീറും, അത് കഴിഞ്ഞു വീട്ടുമുറ്റത്തുള്ള ചപ്പു ചവറുകള്‍ എല്ലാം തൂത്തു വൃത്തിയാക്കും, പിന്നെ കുളിയെല്ലാം കഴിഞ്ഞു വീട്ടീന്നിറങ്ങും, ഡ്യൂട്ടിക്ക്. ഒറ്റാന്തടി ആയതു കാരണം പാചകമൊന്നും ഇല്ല. മൂന്നു നേരവും ഭക്ഷണം സ്റ്റാര്‍ ഹോട്ടലില്‍ നിന്നുമാണ്. സ്റ്റാര്‍ ഹോട്ടല്‍ എന്നത് ജോസേട്ടന്‍റെ ചായക്കടയുടെ പേരാണ് (ഹോട്ടല്‍ സ്റ്റാര്‍), പേരില്‍ മാത്രമേ സ്റ്റാര്‍ ഉള്ളൂ എന്നതാണ് സ്റ്റാര്‍ ഹോട്ടലിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇനി ജോസേട്ടനെ പറ്റി പറയുകയാണെങ്കില്‍, അങ്ങനെ ഒരുപാട് പറയാന്‍ മാത്രമൊന്നുമില്ല, നല്ല തങ്കപ്പെട്ട മനുഷ്യന്‍ , നേരെ വാ അടുക്കള വഴി പോ എന്ന പ്രകൃതക്കാരന്‍, ചായക്കട കൊണ്ട് ഉപജീവനം നടത്തുന്ന ഒരു സാധു മനുഷ്യന്‍, അത്രേള്ളൂ !

അന്നും പതിവ് പോലെ സ്റ്റാര്‍ ഹോട്ടലില്‍ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാന്‍ എത്തിയതായിരുന്നു സുശീലേടത്തി. തിരക്ക് കൂടുതല്‍ ഉള്ള സമയമായതിനാല്‍ കുറച്ചു നേരം കാത്തു നിക്കേണ്ടി വന്നു. നിന്ന് കാലു കഴച്ച സുശീലേടത്തി പെട്ടെന്ന് തന്നെ സീറ്റ്‌ കിട്ടാന്‍ വേണ്ടി ഭക്ഷണം കഴിച്ചു കഴിയാറായ ഒരാളുടെ അടുത്ത് പോയി ചുറ്റിപ്പറ്റി നിന്നു. അത് മനസ്സിലാക്കിയിട്ടെന്നോണം അയാള്‍ പെട്ടെന്ന് കഴിച്ചു തീര്‍ത്തിട്ടു സ്ഥലം കാലിയാക്കിക്കൊടുത്തു.

അങ്ങനെ സുശീലേടത്തി ആസനസ്ഥയായി, "എന്ന വേണം അമ്മാ ഉങ്കളുക്ക്‌??"
എന്ന ശബ്ദം കേട്ട് തലയുയര്‍ത്തി നോക്കിയ സുശീലേടത്തി കണ്ടത് ഒരു പാണ്ടി ചെക്കനെ. മാതൃഭാഷ അല്ലാതെ യാതൊന്നും വശമില്ലാത്ത സുശീലേടത്തിക്ക് ആ ചോദ്യം അത്ര പിടിച്ചില്ല. ഇരുന്നിടത്തിന്നു തലയൊന്നു തിരിച്ച്‌, ക്യാഷ്‌ കൌണ്ടറില്‍ ഇരുന്ന ജോസേട്ടനോട് ചോദിച്ചു..

"ഇതേതാ ജോസേട്ടാ ഈ പാണ്ടി.. പുതിയ സപ്ലയറാ ??"

"അതേ സുശീലേ .... മുന്‍പുണ്ടായിരുന്നവന്‍ ഉടക്കി പോയി.
ഇവറ്റകളാവുമ്പോ കൂലി അധികം കൊടുക്ക്വേം വേണ്ട, മാട്‌ പോലെ പണിയെടുക്കേം ചെയ്യും, ലാഭമാ ! " ജോസേട്ടന്‍റെ മറുപടി കേട്ടപ്പോള്‍ 'അമ്പട ജോസേട്ടാ' എന്ന ഭാവത്തോടെ ഒരു നോട്ടവും പാസാക്കി സുശീലേടത്തി പാണ്ടിക്ക് നേരെ തിരിഞ്ഞു .

"അമ്മാ..... എന്ന വേണം ?? "

സംഗതി മനസ്സിലായ സുശീലേടത്തി തനിക്കും തമിഴ്‌ അറിയാം എന്ന് കാണിക്കാന്‍ വേണ്ടി തമിഴില്‍ തന്നെ ഓര്‍ഡര്‍ ചെയ്തു ... "ഓര്‍ കുറ്റ്രി പുട്ട്രും കടലയും..!!" നിമിഷ നേരം കൊണ്ട് തന്നെ പുട്ടും കടലയും മുന്നിലെത്തിയപ്പോള്‍ ഈ തമിഴെന്നൊക്കെ വച്ചാല്‍ സുശീലക്ക്‌ ദേ ഇത്രേള്ളൂ എന്ന ഒരു ഭാവത്തോടെ ചുറ്റുമിരുന്നവരെയെല്ലാം ഒന്ന് നോക്കിയ ശേഷം മൂപ്പത്തിയാര് പുട്ട് തട്ടാനരഭിച്ചു.

പുട്ടടീം കഴിഞ്ഞു കൈ കഴുകാന്‍ എഴുന്നേറ്റ സുശീലേടത്തി കണ്ടത് സീറ്റ് പിടിക്കാന്‍ വേണ്ടി തിരക്ക് കൂട്ടുന്നവരെയാണ്. 'ഇവന്മാര്‍ക്കൊക്കെ ഇതെന്തിന്‍റെ കേടാ..... ഒരു സീറ്റിനു വേണ്ടി ഇങ്ങനെ തിക്കുണ്ടാക്കണോ' എന്നൊക്കെ ആലോചിച്ചു നില്‍ക്കുന്നതിനിടയിലാണ്‌ പിന്നില്‍ നിന്നും ആരോ തോണ്ടുന്നത് സുശീലേടത്തി ശ്രദ്ധിച്ചത്. തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് കയ്യില്‍ സപ്ലൈ ചെയ്യാനുള്ള ചായയുമായി നില്‍ക്കുന്ന പാണ്ടിച്ചെക്കനെയാണ്.

"എന്താടാ ചെക്കാ ??" തന്നെ തോണ്ടിയത് എന്തിനാണെന്നറിയാന്‍ വേണ്ടി സുശീലേടത്തി ചോദിച്ചു.

"കൊഞ്ചം വളി വിടുങ്കോ അമ്മാ".. തമിഴന്‍റെ മറുപടി കേട്ട സുശീലേടത്തിക്ക് കണ്ണില്‍ ഇരുട്ട് കേറി.

"ഭ.. കഴ്വര്‍ട മോനേ ... അത് നിന്‍റെ മറ്റവളോട് പോയി പറയെടാ എരപ്പാളീ..
നീയെന്നെക്കുറിച്ചു എന്താടാ കരുതിയേ ?? ഇന്നേവരെ ഈ സുശീലേടെ മുഖത്ത്‌ നോക്കി ഒരെമ്പോക്കിയും ഇങ്ങനെ പറഞ്ഞിട്ടില്ല.. കേട്ടോടാ #$#@$# മോനേ ?"

പിന്നങ്ങോട്ട് തെറികളുടെ ഒരു ഘോഷയാത്രയായിരുന്നു.. എ.കെ- 47 തോക്കീന്നു ഒന്നിന്നു പിറകേ വരി വരിയായി വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു വരുന്നത് പോലെ സുശീലേടത്തിയുടെ വായില്‍ നിന്നും തെറികള്‍ അനര്‍ഗളം നിര്‍ഗളിച്ചു.
അതെല്ലാം കേട്ട് കേട്ട് 'തൂങ്ങിച്ചാവണോ അതോ തീവണ്ടിക്കു തല വെക്കണോ' എന്ന ഒരു കണ്‍ഫ്യൂഷന്‍ പാവം പാണ്ടിച്ചെക്കന്‍റെയുള്ളില്‍ ഉടലെടുത്തു വന്നപ്പോഴേക്കും സുശീലേടത്തി ഒരു ഷോര്‍ട്ട് ബ്രേക്ക്‌ എടുത്തു... ശ്വാസം വിടാന്‍ !!

ഒന്നും മിണ്ടാതെ ബ്ലിങ്കസ്യാ നിക്കുന്ന തമിഴന്‍ ചെക്കനെ കണ്ടു സുശീലേടത്തിയുടെ ദേഷ്യം ഒട്ടൊന്നു തണുത്തു. എന്നാലും ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്നോര്‍ത്തു കക്ഷി തമിഴനോട്‌ ചോദിച്ചു .....
'നീയെന്താടാ ഒന്നും മിണ്ടാത്തെ ... നിന്‍റെ അണ്ണാക്കിലെന്താ പിണ്ണാക്കാണോ ??'

'അമ്മാ.... നീങ്ക ഇവളവ്‌ കോവപ്പെട അളവുക്ക് നാന്‍ എന്ന പ.....' പെട്ടെന്ന് പിന്നില്‍ നിന്നും ഓടി വന്ന ജോസേട്ടന്‍ അവന്‍റെ വായ പൊത്തി, അല്ലായിരുന്നേല്‍ അവന്‍റെ ശവമടക്ക് അവിടെ നടത്തേണ്ടി വന്നേനെ.

വിശ്വരൂപം പൂണ്ടു നില്‍ക്കുന്ന സുശീലേടത്തിയോടു , ചെക്കന് പോകാന്‍ 'വഴി' മാറിക്കൊടുക്കാന്‍ പറഞ്ഞതാണെന്നും സുശീലേടത്തി കരുതുന്ന സംഗതിയല്ലെന്നും ജോസേട്ടന്‍ പറഞ്ഞു മനസ്സിലാക്കി.

സത്യാവസ്ഥ മനസ്സിലാക്കിയ സുശീലേടത്തി ചമ്മല്‍ മുഖത്ത്‌ വരാതിരിക്കാന്‍ മാക്സിമം ശ്രദ്ധിച്ചു കൊണ്ട് തമിഴന്‍ ചെക്കന്‍റെ അടുത്തേക്ക്‌ ചെന്നു, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന പാണ്ടിയുടെ തോളില്‍ തട്ടി കൊണ്ട് നാലഞ്ചു 'ലേലു അല്ലുവും' പറഞ്ഞു സുശീലേടത്തി അവനെ ആശ്വസിപ്പിച്ചു .
എന്നിട്ടൊരു ഉപദേശവും " പോട്ട്രാ മോനേ, നീ പറഞ്ഞതിന്‍റെ തമിഴിലെ അര്‍ഥം എന്താണെന്ന് എനിക്ക് മനസ്സിലാവാത്തോണ്ടല്ലേ... എത്രയും പെട്ടെന്ന് മോന്‍ മലയാളം പഠിക്കണം, അല്ലെങ്കില്‍ ....... " ഇത്രേം പറഞ്ഞിട്ട് പഞ്ച് ഡയലോഗ് പറഞ്ഞു കഴിഞ്ഞു സ്ലോ മോഷനില്‍ നടന്നു പോകുന്ന വാണി വിശ്വനാധിനെ പോലെ സുശീലേടത്തിയും തിരിഞ്ഞു നടന്നു..

മലയാളം പഠിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് ഓര്‍ത്തിട്ടാണോ, അതോ ഇനിയും ഇത് പോലുള്ള തെറികള്‍ കേള്‍ക്കേണ്ടി വരും എന്ന് കരുതിയാണോ എന്നറിയില്ല, പാവം പാണ്ടിചെക്കന്‍ അന്ന് തന്നെ നാട്ടിലേക്ക് വണ്ടി കേറി .

3 comments:

  1. Very nice.
    വീണ്ടും സന്തിപ്പതു വരൈ വണക്കം.

    ReplyDelete
  2. തമിഴ്‌നാട്ടിലെ റെയിൽ‌വെ സ്റ്റേഷനിൽ ആദ്യമായി കാലുകുത്തുന്ന മലയാളി ആദ്യമായി കേൾക്കുന്ന ആദ്യത്തെ അസ്സൽ തെറി....?

    ReplyDelete