എന്‍റെ ബ്ലോഗ്‌ വായിക്കാത്തോരെ പട്ടിക്കുട്ടി കടിക്കും . കളരി പറമ്പിലെ അമ്മച്ചിയാണേ സത്യം ...

എന്‍റെ ബ്ലോഗ്‌ വായിക്കാത്തോരെ പട്ടിക്കുട്ടി കടിക്കും . കളരി പറമ്പിലെ അമ്മച്ചിയാണേ സത്യം ...

Saturday, August 14, 2010

ലക്ഷ്മി - എന്‍റെ കൂട്ടുകാരി

ഇന്നലെ എന്‍റെ റൂം വൃത്തിയാക്കുന്നതിനിടയിലാണ് നീല പുറം ചട്ടയോട് കൂടിയ ആ പുസ്തകം എന്‍റെ കണ്ണില്‍ പെട്ടത് . അതിന്‍റെ പുറത്തൊട്ടിച്ചിരുന്ന നെയിംസ്ലിപ്പില്‍ " ലക്ഷ്മി എസ്‌ നായര്‍" എന്ന പേര് കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി. ഞാന്‍ കരുതിയിരുന്നത് ഈ പുസ്തകം ഞാന്‍ മടക്കി കൊടുത്തിരുന്നു എന്നാണ്. ഞാന്‍ പതുക്കെ ആ ബുക്ക് വെറുതെ മറിച്ച് നോക്കി. ഒരു പേജില്‍ മഞ്ഞ നിറത്തിലുള്ള ഒരു നൂലും . ഞാന്‍ അത് പതുക്കെ കയ്യിലെടുത്തു. ആ നൂല്‍ എന്നെ പെട്ടെന്ന് സന്തോഷിപ്പിച്ചു. പക്ഷെ ലക്ഷ്മിയെക്കുറിച്ചോര്‍ത്തപ്പോള്‍ ...

ലക്ഷ്മി,.. അവള്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു,അഞ്ചാം ക്ലാസ്‌ മുതല്‍ക്കുള്ള സൗഹൃദം, ഒരിക്കല്‍ ക്ലാസ്‌ ടെസ്റ്റിനു ടീച്ചര്‍ സ്ഥലം മാറ്റി ഇരുത്തിയത് കാരണം അവളുടെ അടുത്ത്‌ ഇരിക്കേണ്ടി വന്നു, അന്ന് ഒരു ചോദ്യത്തിന്‍റെ ഉത്തരമറിയാതെ ഞാന്‍ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോള്‍ ലക്ഷ്മി എന്നെ തോണ്ടി വിളിച്ചു സ്വന്തം ഉത്തര കടലാസ് കാണിച്ചു തന്നു, എന്‍റെ ജീവിതത്തിലെ ആദ്യത്തെ കോപ്പിയടി !! അതിന്‍റെ നന്ദിയായി പിറ്റേന്ന് ക്ലാസില്‍ ചെന്നപ്പോള്‍ ഞാന്‍ അവള്‍ക്കു ഒരു മിട്ടായി സമ്മാനമായി നല്‍കി, അതായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്‍റെ തുടക്കം !!!!

ഞങ്ങള്‍ പഠിച്ചിരുന്നത് ഒരേ ക്ലാസ്സില്‍ ആയിരുന്നെങ്കിലും എന്നെക്കാള്‍ രണ്ടു വയസ്സിനു മൂപ്പുണ്ടായിരുന്നു അവള്‍ക്ക്, അത് കൊണ്ട് തന്നെ എന്നെ ഒരു അനിയനെ പോലെ ആയിരുന്നു അവള്‍ കണ്ടിരുന്നത്‌, രണ്ടു ചേച്ചിമാര്‍ മാത്രം ഉണ്ടായിരുന്നതുകൊണ്ട് ഒരാങ്ങള ഇല്ലാത്തതിന്‍റെ വിഷമം അവള്‍ മറന്നിരുന്നത് എന്നിലൂടെ ആണെന്ന് എന്നോടെപ്പോഴും പറയാറുണ്ടായിരുന്നു.
പെങ്ങന്മാരില്ലാത്ത എനിക്കും അവളോട്‌ ഒരു ചേച്ചിയോടെന്ന പോലെ സ്നേഹവും ബഹുമാനവുമായിരുന്നു, അതുകൊണ്ട് തന്നെ അവളുടെ "മോനൂ" എന്നുള്ള വിളി ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു.

എന്നും മുഖത്ത്‌ നിറഞ്ഞ ഒരു പുഞ്ചിരിയോടെ മാത്രമേ ഞാന്‍ അവളെ കണ്ടിട്ടുള്ളു, അക്കാലത്ത് ഞാന്‍ ഏറ്റവും അധികം ഭയപ്പെട്ടിരുന്ന പരീക്ഷാ സമയങ്ങളില്‍ പോലും അവളുടെ മുഖത്ത്‌ ഒരു വിധത്തിലുള്ള വിഷമമോ പരിഭ്രമമോ കണ്ടിട്ടില്ല... ആ ഒരു കാര്യത്തില്‍ മാത്രമായിരുന്നു ലക്ഷ്മിയോട് എനിക്ക് അസൂയ തോന്നിയിരുന്നത്. 'ഇവള്‍ക്കെങ്ങനെ ഇതെല്ലാം ഇത്ര സിമ്പിള്‍ ആയി എടുക്കാന്‍ കഴിയുന്നു ?' എന്നത് എന്നെ ഇടക്കൊക്കെ അലട്ടിയിരുന്ന ഒരു സംശയമായിരുന്നു. എന്നും ക്ലാസ്സില്‍ വരുമ്പോള്‍ എനിക്കായി ഒന്നുകില്‍ മിട്ടായിയോ അല്ലെങ്കില്‍ ഏതെങ്കിലും പൂവോ അവള്‍ കൊണ്ട് വരുമായിരുന്നു.
എല്ലാവരോടും ചിരിച്ചു കൊണ്ട് നല്ല സന്തോഷത്തോടെ മാത്രം ഇടപഴകിയിരുന്ന അവളെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു

ഒരു ദിവസം ഞാന്‍ അവളോട് ഹായ് പറഞ്ഞില്ലെങ്കില്‍ ആ മുഖം വാടുമായിരുന്നു. അവള്‍ക്കെവിടുന്നെങ്കിലും മുട്ടായി കിട്ടിയാല്‍ അതെനിക്ക് തരും . എന്നിട്ട് 'മോനൂ..നന്നായി പഠിക്കണം ...നിനക്ക് പറ്റാഞ്ഞിട്ടാണോ ...' എന്ന് പറയും . പുതിയ ചുരിദാര്‍ ഇട്ടുകൊണ്ടു വരുന്ന ദിവസങ്ങളിലെല്ലാം അതിന്‍റെ ഷോളില്‍ നിന്നും ഒരു ചെറിയ നൂല്‍ പൊട്ടിച്ച് എനിക്ക് തരുമായിരുന്നു. മനസ്സിലാകാതെ ആ കണ്ണുകളില്‍ നോക്കിയിരുന്ന എന്നോട് അവള്‍ പറയും 'ഈ ചേച്ചിയെ മറക്കാതിരിക്കാന്‍ ' .ഒരു ചേച്ചി എനിക്കുണ്ടായിരുന്നെങ്കില്‍ , അല്ലെങ്കില്‍ വേണ്ട എനിക്ക് ഇവള്‍ മതി ചേച്ചിയായിട്ട് എന്നുപോലും ഞാന്‍ ചിന്തിച്ചുപോയിരുന്നു.

അന്നൊരു ബുധനാഴ്ച ആയിരുന്നു. ക്ലാസില്‍ എത്തി ബാഗ് എന്‍റെ ബെഞ്ചില്‍ വച്ച ശേഷം പതിവ് പോലെ മിട്ടായി വാങ്ങാനായി ഞാന്‍ ലക്ഷ്മിയുടെ അടുത്തേക്ക്‌ ചെന്നു. പക്ഷേ എന്നും ഒരു നിറഞ്ഞ പുഞ്ചിരിയോടെ മാത്രം എന്നെ എതിരേറ്റിരുന്ന ലക്ഷ്മിയുടെ മുഖത്ത്‌ അന്നാദ്യമായി വിഷാദഭാവം തളംകെട്ടി നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി.
"എന്താടീ നിന്നെ കടന്നല് കുത്തിയോ ??" ഞാന്‍ ചോദിച്ചു. പക്ഷേ എന്നെ ഒന്ന് നോക്കിയതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല, അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്‌ കണ്ടപ്പോള്‍ എനിക്കും വിഷമമായി,
"എന്താ ലക്ഷ്മീ... നീ കരയുകയാണോ ??" ഞാന്‍ ചോദിച്ചു .
"ഒന്നൂല്ല മോനൂ .. ചെറിയൊരു തലവേദന" എന്ന് മാത്രം പറഞ്ഞു കൊണ്ട് അവള്‍ ടെസക്കിലേക്ക് തല വച്ച് കിടന്നു. എന്നെ ഒഴിവാക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന് മനസ്സിലായതു കൊണ്ട് ഞാന്‍ പതുക്കെ എന്‍റെ ബെഞ്ചിലേക്ക് പോയി ഇരുന്നു..

സ്കൂള്‍ ഉള്ള ദിവസങ്ങളില്‍ എന്നും ഞങ്ങള്‍ ഒന്നിച്ചിരുന്നായിരുന്നു ചോറ് കഴിച്ചിരുന്നത്, പക്ഷേ അന്നവള്‍ എന്നെ വിളിക്കാതെ തനിയേ ഒരു മൂലയില്‍ പോയിരുന്നു ചോറ് കഴിക്കുന്നത്‌ കണ്ടപ്പോള്‍ എനിക്ക് ദേഷ്യം തോന്നി.
അവള്‍ക്കിത്രക്ക് പോസാണെങ്കില്‍ ഞാനും മിണ്ടുന്നില്ല എന്ന് തീരുമാനിച്ചു, മറ്റുള്ള കൂട്ടുകാരുടെ കൂടെയിരുന്ന് ചോറ് കഴിച്ച ശേഷം പാത്രം കഴുകാന്‍ പോയി. തിരിച്ചു വന്നു ചോറ്റു പാത്രം ബാഗില്‍ വയ്ക്കുന്ന സമയത്ത് 'മോനൂ' എന്ന വിളി കേട്ട് തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന ലക്ഷ്മിയെ ആയിരുന്നു..

"എന്താ.... നീയെന്തിനാ കരയണേ ??" ഞാന്‍ ചോദിച്ചു
"പറയാം... നീ വാ" എന്നെയും വിളിച്ചു കൊണ്ട് അവള്‍ സ്കൂളിലെ പാര്‍ക്കിലേക്ക് നടന്നു. പാര്‍ക്കിലെ ചാരുബെഞ്ചില്‍ ഞങ്ങള്‍ ഇരുന്നു . കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവള്‍ പറഞ്ഞു തുടങ്ങി
"ഇന്നലെ അച്ഛനെന്നെ ഒരുപാട് തല്ലി... ഇനി മേലാല്‍ പഠിക്കാന്‍ പോകണ്ടാന്നു പറഞ്ഞു... ഇന്ന് രാവിലെ അച്ഛന്‍ ഓഫീസില്‍ പോയപ്പോള്‍ അമ്മയോട് കരഞ്ഞു പറഞ്ഞിട്ടാ എന്നെ സ്കൂളിലേക്ക് വിട്ടത്" അവളിതു പറയുന്നതിനിടക്ക് സങ്കടം കാരണം വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു.

"അതിനും മാത്രം എന്തുണ്ടായി ??" ആകാംക്ഷ കാരണം ഞാന്‍ ചോദിച്ചു.

"ഇന്നലെ കോളേജില്‍ പോയ എന്‍റെ വല്യേച്ചി തിരിച്ചു വന്നില്ല, അമ്മയോട് ചോദിച്ചപ്പോള്‍ ഒന്നും പറയാത്തത് കൊണ്ട് അച്ഛനോട് ചെന്ന് ചേച്ചിയെവിടെ എന്ന് ചോദിച്ചതിനാ എന്നെ.... " അവള്‍ പറഞ്ഞു നിര്‍ത്തി !!

ചേച്ചിയെ കാണാത്തതിനു ഇവളെ എന്തിനാ തല്ലിയതെന്ന് എനിക്ക് മനസ്സിലായില്ല.എന്തായാലും അവളെ വിഷമിപ്പിക്കണ്ട എന്നോര്‍ത്ത് ഞാന്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ പോയില്ല. അവളെ സന്തോഷത്തോടെ കാണാന്‍ തന്നെയായിരുന്നു ഞാനെന്നും ആഗ്രഹിച്ചിരുന്നത്.

"നീയിതു കണ്ടോ മോനൂ..... അച്ഛന്‍ ബെല്‍റ്റ്‌ ഊരി അടിച്ചതിന്‍റെ പാടാ" അവള്‍ വലതു കൈ കാണിച്ചു കൊണ്ട് പറഞ്ഞു. അവളുടെ മൃദുലമായ കൈത്തണ്ടിനെ വരഞ്ഞുകീറി ചുവപ്പും കറുപ്പും കലര്‍ന്ന നിറത്തില്‍ നീളത്തില്‍ ഒരു മുറിപ്പാട്, അത് കണ്ടു എനിക്കും വിഷമമായെങ്കിലും ഈ അവസ്ഥയില്‍ അവളെ കൂടുതല്‍ കരയിപ്പിക്കണ്ട എന്ന് കരുതി തമാശയെന്നോണം ഞാന്‍ പറഞ്ഞു

"ഇടക്കൊക്കെ ഇച്ചിരി അടി കിട്ടുന്നത് നല്ലതാ.. എന്നാലേ നീ നന്നാവൂ"

"പോ അവിടുന്ന്.... ഞാന്‍ ഇനി നിന്നോട് മിണ്ടൂല്ല".. പരിഭവത്തോടെ അവള്‍ പറഞ്ഞു...

പെട്ടെന്ന് ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞതിന്‍റെ ബെല്‍ മുഴങ്ങി. അവള്‍ എഴുന്നേറ്റു ക്ലാസിലേക്ക് പോയി, കുറച്ചു നേരം കൂടി അവിടെ ഇരുന്ന ശേഷം ഞാനും ക്ലാസിലേക്ക് പോയി എന്‍റെ സീറ്റില്‍ ഇരുന്നു. അന്ന് പിന്നെ അവള്‍ എന്നോട് മിണ്ടിയില്ല, ഞാനും മിണ്ടാന്‍ പോയില്ല. പിറ്റേന്ന് വരുമ്പോള്‍ പിണക്കം മാറും എന്ന് കരുതി.

പക്ഷേ പിറ്റേന്ന് സ്കൂളില്‍ വന്നപ്പോള്‍ ലക്ഷ്മിയെ കണ്ടില്ല,.. എനിക്ക് വല്ലാത്ത വിഷമം തോന്നി. അവള്‍ പറഞ്ഞത് പോലെ അച്ഛന്‍ എങ്ങാനും ഇനി അവളെ സ്കൂളില്‍ വിടാതിരിക്കുമോ ? . അവളുടെ അച്ഛനോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. ആരോടും മിണ്ടാതെ ഞാന്‍ ക്ലാസില്‍ ഇരുന്നു. ക്ലാസ്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പാള്‍ ഞങ്ങളുടെ ക്ലാസിലേക്ക് വന്നു .
ക്ലാസ്‌ ടീച്ചറുമായി കുറച്ചു നേരം സംസാരിച്ച ശേഷം ഞങ്ങളുടെ നേര്‍ക്ക്‌ തിരിഞ്ഞു കൊണ്ട് പറഞ്ഞു " ഒരു ദുഃഖ വാര്‍ത്തയുണ്ട് മക്കളേ... നമ്മുടെ ലക്ഷ്മി... അവള്‍ നമ്മളെയെല്ലാം വിട്ടു പോയി, ദൈവത്തിന്‍റെ അടുത്തേക്ക്‌"

'എന്താ..എന്താടാ സാര്‍ പറഞ്ഞെ?' കേട്ടത് വിശ്വാസം വരാതെ ഞാന്‍ അടുത്തിരുന്ന എന്‍റെ കൂട്ടുകാരനോട് ചോദിച്ചു. സാര്‍ പറഞ്ഞത് വേറൊരു രീതിയില്‍ എന്നോടവന്‍ പറഞ്ഞതും ഞാന്‍ കേട്ടില്ല.എനിക്ക് ശരീരം തളരുന്നത് പോലെ തോന്നി.മുഖത്ത് ഭാവഭേദമൊന്നുമില്ലെങ്കിലും എന്‍റെ കണ്ണീര്‍ ആരെയും കാണിക്കാതിരിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു. ഇന്നവള്‍ വന്നിരുന്നെങ്കില്‍ കൊടുക്കാന്‍ വച്ചിരുന്ന എക്ലയര്‍ മുട്ടായി ഞാന്‍ പോക്കറ്റില്‍ നിന്നെടുത്തു. ആ കയ്യില്‍ ഇതൊന്ന് കൊടുക്കാന്‍ ഇനി പറ്റില്ലല്ലോ എന്ന ചിന്തയില്‍ ആ മുട്ടായി എന്‍റെ കൈകളില്‍ ഞെരിഞ്ഞമര്‍ന്നു.

കുറച്ചു കഴിഞ്ഞു ഞങ്ങളെയെല്ലാം ലക്ഷ്മിയുടെ വീട്ടിലേക്കു കൊണ്ട് പോയി. ചുറ്റിനും ആള്‍ക്കാര്‍ കൂടി നിന്ന് എന്തൊക്കെയോ അടക്കം പറയുന്നു. പക്ഷേ എന്താണു പറയുന്നതെന്ന് ശ്രദ്ധിക്കാനുള്ള സാവകാശം ​എന്‍റെ ഹൃദയത്തിനും കാലുകള്‍ക്കുമുണ്ടായിരുന്നില്ല. അതെന്നെ വേഗത്തില്‍ വീടിനുള്ളിലേയ്ക്ക് നയിച്ചു. അവിടെ ചെന്ന ഞാന്‍ കണ്ടത് വെള്ളത്തുണിയില്‍ പൊതിഞ്ഞ മൂന്നു ശരീരങ്ങള്‍ ! എന്‍റെ ലക്ഷ്മിയുടെ മുഖം ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. നീല നിറം പടര്‍ന്നിരിക്കുന്ന ആ കുഞ്ഞുമുഖത്തേക്കു ഞാന്‍ ഒന്നേ നോക്കിയുള്ളൂ .. എനിക്കൊന്നുറക്കെ കരയണമെന്നുണ്ടായിരുന്നു, പക്ഷേ എന്തുകൊണ്ടോ അതിനു പോലും എനിക്ക് കഴിഞ്ഞില്ല..ശബ്ദം തൊണ്ടയില്‍ ഇരുന്ന് വിങ്ങി.വല്ലാത്ത ഒരു വേദന നെഞ്ചിന്‍റെ ഭാരം കൂട്ടി. ഞാന്‍ തളര്‍ന്ന് നിലത്തിരുന്നു. ഞാന്‍ പതുക്കെ അവളുടെ കാല്‍പാദത്തില്‍ ഒന്ന് തൊട്ടു .... ആ പാദത്തിന്‍റെ തണുപ്പ് എന്നെയും മരവിപ്പിക്കുന്നതായി തോന്നി. അവള്‍ എന്നെ നോക്കി 'മോനു..നീ വന്നോടാ' എന്ന് ചോദിക്കുന്ന പോലെ... 'മോനെ ഇന്ന് ചുരിദാറല്ലാട്ടോ' എന്ന് പറയുന്ന പോലെ...'എക്സാമായി..നന്നായി പഠിക്കണം ' എന്ന് പറയുന്ന പോലെ..എനിക്ക്...എനിക്ക്...എന്‍റെ ചേച്ചി പോയി...പോക്കെറ്റിലിരുന്ന മുട്ടായി എടുത്ത് അവളുടെ അടുത്ത് വച്ച് ആ മുഖം ഒന്നുകൂടി നോക്കി.

ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി.. അവിടെ കൂടി നിന്നവരുടെ സംസാരത്തില്‍ നിന്നും ലക്ഷ്മിയുടെ ചേച്ചി രണ്ടു ദിവസം മുന്‍പ് ഏതോ ഒരു ബസ്സിലെ കിളിയുമായി ഒളിച്ചോടിയെന്നും അതിന്‍റെ ദുഖവും അപമാനവും കാരണം ലക്ഷ്മിയുടെ അച്ഛന്‍ തലേന്ന് രാത്രി അത്താഴത്തിനുള്ള ചോറില്‍ വിഷം കലര്‍ത്തി കുടുംബ സമേതം ആത്മഹത്യ ചെയ്തതാണെന്ന് അറിയാന്‍ കഴിഞ്ഞു. ലക്ഷ്മിയുടെ രണ്ടാമത്തെ ചേച്ചി മാത്രമാണ് അതില്‍ നിന്നും രക്ഷപ്പെട്ടത് . പക്ഷേ ശരീരം മുഴുവന്‍ തളര്‍ന്ന നിലയില്‍ ആ കുട്ടി ഇന്നും ജീവിക്കുന്നു. സ്വന്തം ചേച്ചി ചെയ്ത അപരാധത്തിന് ശിക്ഷിക്കപ്പെട്ടത് ഒന്നുമറിയാത്ത എന്‍റെ പ്രിയ കൂട്ടുകാരി..

ഇന്നും എന്നോര്‍മ്മയില്‍ അവളുടെ "മോനൂ" എന്നുള്ള വിളിയും "ഞാന്‍ ഇനി നിന്നോട് മിണ്ടൂല്ല" എന്ന അവസാന വാചകവും നിറഞ്ഞു നില്‍ക്കുന്നു !!!!!!!

ഞാന്‍ ആ നൂല്‍ മടക്കി ബുക്കിനകത്തു വച്ചു. അതിനുപുറത്തിരുന്ന പൊടി തട്ടിക്കളഞ്ഞു. എന്‍റെ അലമാരയില്‍ വച്ചു..ഒരു പ്രാര്‍ത്ഥനയോടെ...എനിക്കിനി ഒരു ചേച്ചിയെ തരരുതേ ഈശ്വരാ...എനിക്കിവള്‍ മതി മരണം വരെ എന്‍റെ പെങ്ങളായി..ഇവള്‍ മാത്രം ...

***************************************************************************************************************

7 comments:

  1. :(
    ആഷി...നന്നായി എഴുതി ..വളരെ നന്നായി.....

    ReplyDelete
  2. ആഷി, നന്നായി എഴുതി..അഭിനന്ദനങ്ങള്‍..
    മെച്ചപ്പെടുന്നുണ്ട്‌.. എഴുത്ത് തുടരുക..എല്ലാവിധ ആശംസകളും..

    ReplyDelete